തൃശൂർ: ലോകകപ്പ് ഫുട്ബോളിലെ അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്ഇബി ഓഫീസിന് മുന്നിൽ അർധരാത്രിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം.
കെഎസ്ഇബിയുടെ പവർകട്ടിൽ പ്രതിഷേധിച്ച പ്രവർത്തകർ എരുമപ്പെട്ടി ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധിക്കുകയായിരുന്നു. കെഎസ്ഇബി എരുമപ്പെട്ടി–കടങ്ങോട് മേഖലയിൽ പുലർച്ചെ 12.42 മുതൽ 1.07 വരെ വൈദ്യുതി വിതരണം തടസപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എത്രനാൾ തുടരുമെന്ന് വ്യക്തമല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ടത് ബാധ്യതയാണെന്നും കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഇത് ഭരണപരാജയമാണെന്ന വിമർശനം തള്ളിയ മന്ത്രി, ഇടതുസർക്കാരിന്റെ കാലത്തും സമാന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നവകാശപ്പെട്ടു.






