കോട്ടയം : വാലിച്ചിറ റെയിൽവേ ഗേറ്റിന് സമീപത്തെ തകർന്ന റോഡിലെ കുഴിയിൽ അമിതവേഗത്തിലെത്തിയ കാർ വീണതിനെ തുടർന്ന് കല്ല് തെറിച്ച് ബസ് കാത്തുനിന്നിരുന്ന നാല് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. സേവ്യർ ജോർജ്–അലീന ദമ്പതികളുടെ മകൾ അൽഫോൻസ (4) നാണ് മൂക്കിന് പരിക്കേറ്റത്. കുട്ടിയെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. മാസങ്ങളായി തകർന്നുകിടക്കുന്ന ഈ റോഡിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്താൽ വെള്ളം നിറയുന്നതോടെ അപകടസാധ്യത ഇരട്ടിയാകുന്നതായി നാട്ടുകാർ പറയുന്നു.
നിരവധി തവണ പരാതി നൽകിയിട്ടും റോഡ് നന്നാക്കാൻ അധികൃതർ നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അവഗണന തുടരുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.






