കൊച്ചി: തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നല്കി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് 'മല്ലു പ്രീമിയം' ഡിലീറ്റ് ചെയ്ത നിലയിലാണ്.
ഗ്രൂപ്പ് വീണ്ടെടുക്കാൻ സൈബർ ടീം ശ്രമം ആരംഭിച്ചു. ഗ്രൂപ്പ് ആരംഭിച്ചിട്ട് അധികാലമായില്ലെന്ന് സനീഷ് മൊഴി നല്കി. പെണ്‍കുട്ടികളെ സാധാരണ ഫോട്ടോകള്‍ ആദ്യം വ്യക്തികള്‍ക്ക് അയച്ചു നല്‍കും. അവരുടെ അശ്ലീല ചിത്രങ്ങള്‍ ആവശ്യമെങ്കില്‍ പണം നല്കി ഗ്രൂപ്പില്‍ ചേരാൻ ആവശ്യപ്പെടുന്നതാണ് സനീഷിന്റെ രീതി.
ശ്രീഹരിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തി. രണ്ടുപേർ കൂടി പോലീസ് നീരിക്ഷണത്തിലാണ്. സനീഷും, നേരത്തെ പിടിയിലായ ശ്രീഹരിയും തമ്മില്‍ നേരിട്ട് പരിചയമില്ല. ശ്രീഹരി ടെലിഗ്രാം ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. സനീഷിന്റെ ഗ്രൂപ്പില്‍ അംഗമാകാൻ ഒരാള്‍ 250 നല്‍കണം. വ്യക്തികള്‍ക്ക് സനീഷ് തന്റെ ക്യുആർ കോഡ് അയച്ചു നല്‍കിയതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ചതിന് പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. ശ്രീഹരിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയുന്നത് വഴി കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് എസ്ഐടി. ടെലിഗ്രാമിന്റെ സ്വകാര്യത സുരക്ഷ ഒരുക്കുമെന്ന് വിശ്വാസത്തിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത് പ്രതികള്‍ മൊഴി നല്കി.






