തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഓണാഘോഷം നടത്തിയ സംഭവത്തില്‍ വീഴ്ച വരുത്തിയയെന്ന് കണ്ടെത്തിയ ആറ് പൊലീസുദ്യോഗസ്ഥരെ ആംഡ് റിസർവ് ക്യാമ്പിലേക്ക് മാറ്റി.
ആഘോഷദിവസം ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന അജു, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ദൃശ്യ, അസിസ്റ്റന്റ് റൈറ്റർ സുധീഷ്, പ്രോസസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജിനീഷ്, പൊലീസുകാരായ അരുണ്‍, രതീഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഇവർക്കെതിരെ വകുപ്പുതല അന്വേഷണം തുടരും. എസ്എച്ച്ഒ ആർ. പ്രശാന്തിനെതിരെ സ്വീകരിക്കേണ്ട നടപടി ഐജി തലത്തില്‍ തീരുമാനിക്കും. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രശാന്തിനെ നേരത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ പ്രതികള്‍, അവിടെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പങ്കെടുത്തതാണ് വിവാദമായത്.
അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നാം പ്രതി നിഥിൻ രാജ്, 16-ാം പ്രതി ഐ.പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാൻ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടർ എ സന്തോഷ് കുമാർ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി.
ജാമ്യവ്യവസ്ഥകള്‍ പ്രതികള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും. അധികാര പരിധി ലംഘിച്ച് പൊലീസ് സ്റ്റേഷനുകളുടെ ഭാഗമായ സ്ഥലങ്ങളില്‍ പ്രതികള്‍ എത്തിയെന്ന് അപേക്ഷയില്‍ പറയുന്നു. സാക്ഷികളുമായോ, സാക്ഷികളെ സ്വാധീനിക്കാൻ പറ്റുന്നവരുമായോ അടുത്ത ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.






