തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു.
വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വി.ജി.വിദ്യ (45) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ തിരുവല്ലാ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈ മാസം 16-നാണ് വിദ്യ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
എന്നാല്‍, ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ ആരോഗ്യസ്ഥിതി വേഗത്തില്‍ വഷളാവുകയായിരുന്നു.
തുടര്‍ന്ന് ഇവരെ ഉടനടി തിരുവല്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍
കോളജ് ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ചികിത്സയില്‍ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക് അധികൃതര്‍ വ്യക്തമാക്കുന്നത്.
ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്നും അവര്‍ വാദിക്കുന്നു.
മരിച്ച വിദ്യയുടെ ഭര്‍ത്താവ് എസ്.സന്തോഷാണ്. സിദ്ധാര്‍ഥ്, സംഗീത് എന്നിവര്‍ മക്കളാണ്.






