ചെന്നൈ: തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുപ്പരൻകുൺട്രം മലമുകളിൽ നിലനിന്നിരുന്ന ദീപം തെളിക്കൽ തർക്കത്തിന് താൽക്കാലിക പരിഹാരം.
സുപ്രീംകോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മലമുകളിലെ വിവാദമായ കൽത്തൂണിൽ കാർത്തിക ദീപം തെളിച്ചു. കാർത്തിക ദീപാഘോഷത്തിൻ്റെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ് ചടങ്ങ് നടന്നത്.
ഏറെ നാളായി നിയമപോരാട്ടവും രാഷ്ട്രീയ മതപരമായ വിവാദങ്ങളും നിലനിന്നിരുന്ന വിഷയത്തിൽ സുപ്രീംകോടതി നിർദേശിച്ച പ്രകാരമാണ് നടപടി പൂർത്തിയാക്കിയത്.
മലമുകളിലെ ദീപത്തൂണിൽ ദീപം തെളിക്കുന്നതിനായി ഏകദേശം 50 പേരാണ് എത്തിയത്. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരും മധുര ജില്ലാ കളക്ടറും ചടങ്ങിന് സാക്ഷികളായി.
കേന്ദ്ര സായുധ പൊലീസ് സേനയായ സിആർപിഎഫിൻ്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ദീപം തെളിക്കൽ. ക്ഷേത്രവുമായി ബന്ധപ്പെട്ടവരും അധികൃതരും ഉൾപ്പെട്ട സംഘമാണ് മലമുകളിലെത്തിയത്.






