ഹൈദരാബാദ് : തെലങ്കാനയിൽ പോക്സോ കേസിൽ ഇറങ്ങിയ പ്രതി ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ നടപടിയുമായി പൊലീസ്. പ്രതി രാജ്കുമാറിനെ പറ്റി വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചു. ഫ്യൂച്ചർ സിറ്റി പൊലീസാണ് ഒളിവിൽ പോയ പ്രതിയ്ക്കായി ഇനാം പ്രഖ്യാപിച്ചത്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദിൽ ആണ് നടുക്കുന്ന കൂട്ടക്കൊല നടന്നത്.
ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി. ഇതിന് പിന്നാലെ വീട്ടിലെത്തി ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും പ്രതിയായ രാജ്കുമാർ കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് മാസത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്നതിനാണ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
പി രാജ്കുമാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവളുടെ അമ്മയെയും അമ്മൂമ്മയെയും കൊലപ്പെടുത്തിയ ശേഷം വെള്ളിയാഴ്ച രാത്രി ഷബാദ് മണ്ഡലിൽ വ്യത്യസ്ത പ്രദേശങ്ങളിൽ വെച്ച് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊലപാതകം നടന്നയുടനെ പ്രതി പിതാവിനെ വിളിച്ച് കുറ്റം സമ്മതിച്ചു. രണ്ട് കുടുംബങ്ങളെയും താൻ ഇല്ലാതാക്കിയെന്നും ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും പറഞ്ഞു.






