തിരുവനന്തപുരം: പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബു, വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച 17കാരൻ എന്നിവരെയാണ് കളിയിക്കാവിള പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കുഴിത്തുറ കോടതിയിൽ ഹാജരാക്കും.
ചെറുവാരക്കോണം സി.എസ്.ഐ. ലോ കോളേജിലെ അവസാന വർഷ വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. പരീക്ഷയ്ക്ക് ശേഷം സഹപാഠികൾക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥിനി.
ചെറുവാരക്കോണം ആർ.പി.എസ്. ട്രേഡേഴ്സിന് സമീപം വെച്ച് ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിനിയെ കടന്നുപിടിച്ച ശേഷം അതിവേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വിദ്യാർഥിനി ആദ്യം പാറശ്ശാല പൊലിസിനെയാണ് സമീപിച്ചതെങ്കിലും, സംഭവം നടന്ന സ്ഥലം തമിഴ്നാട് അതിർത്തിയിലായതിനാൽ കളിയിക്കാവിള പൊലിസിൽ പരാതിപ്പെടാൻ നിർദേശിക്കുകയായിരുന്നു.






