ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസില്‍ മുഖ്യപ്രതി നിഷാന്ത് അറസ്റ്റില്‍.
സേലത്തേക്ക് പോയ ബസില്‍ നിന്നാണ് പിടിയിലായിരിക്കുന്നത് . നിഷാന്തിന്റെ പെണ്‍സുഹൃത്ത് മീനാക്ഷിക്ക് വീട് നിർമിക്കുന്നതിനായി കവർച്ച നടത്തിയെന്നാണ് വിവരം.
പെണ്‍സുഹൃത്ത് മീനാക്ഷിയും നിഷാന്തിന്റെ അച്ഛനും നേരത്തെ പിടിയിലായിരുന്നു. ധർമപുരിക്ക് അടുത്ത് നിന്ന് ഒരു ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പൊലീസ് വളഞ്ഞ സമയത്ത് ഇയാള്‍ വിൻഡോ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചിരുന്നു. നിഷാന്തിന്റെ അമ്മയെ അടക്കം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
കേരളത്തിലും കർണാടകത്തിലും ഉള്‍പ്പെടെ പരിശോധന വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ ഇയാള്‍ അറസ്റ്റിലായ മീനാക്ഷിയെ ബന്ധപ്പെട്ടിരുന്നത് തിരുപ്പൂരില്‍ നിന്നായിരുന്നു.
അതുകൊണ്ട് തന്നെ അടുത്തുള്ള ഏതെങ്കിലും ജില്ലകളില്‍ ഇയാള്‍ ഉണ്ടായേക്കുമെന്ന നിഗമനവും പൊലീസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പടിഞ്ഞാറൻ തമിഴ്നാട്ടില്‍ പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ഊർജിതപ്പെടുത്തിയിരുന്നു.
ഇതിനെ തുടർന്നാണ് നിഷാന്തിനെ ബസില്‍ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. ഇനി എത്ര കിലോ സ്വർണം ഇയാളുടെ പക്കലുണ്ട് എന്നതടക്കമുള്ള കാര്യങ്ങളാണ് കണ്ടെത്തേണ്ടത്.
കവർച്ചയുടെ സൂത്രധാരന്‍ നിഷാന്താണ് എന്നാണ് പെണ്‍സുഹൃത്ത് മീനാക്ഷി നല്‍കിയിരിക്കുന്ന മൊഴി. കവർച്ചയില്‍ മറ്റൊരുടെെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തും.






