കൊല്ലം: ചടയമംഗലത്തെ ജടായു പാറകാണാന് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക്.
ദിവസേന അയ്യായിരത്തിലധികം പേര് എത്തിക്കൊണ്ടിരുന്ന ഇവിടെ നിലവില്‍ പ്രതിദിനം എഴായിരത്തിലധികം സന്ദര്‍ശകരാണ് എത്തുന്നതെന്നാണ് അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ്.
ശബരിമല തീര്‍ത്ഥാടന സീസണ് ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംസി റോഡ് വഴി ശബരിമലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്നതും ജടായുപ്പാറയുടെ പ്രത്യേകതയാണ്.
പാറയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന കോദണ്ഡരാമ ക്ഷേത്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ജടായുപ്പാറ മാറിക്കൊണ്ടിരിക്കെ, കൊല്ലം ജില്ലയിലെത്തിയ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറും ഇവിടം സന്ദര്‍ശിച്ചു.
ജില്ലയിലേക്കുള്ള തന്റെ പ്രഥമ സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ ഗവര്‍ണറെ മന്ത്രി പി.സി. വിഷ്ണുനാഥ് ഊഷ്മളമായി സ്വീകരിച്ചു. തുടര്‍ന്ന് ലീലാ റാവിസ് ഹോട്ടലില്‍ നിന്ന് ഹൗസ്ബോട്ടില്‍ കയറി അഷ്ടമുടിക്കായലിന്റെ മനോഹാരിത ആസ്വദിച്ച ശേഷമാണ് അദ്ദേഹം ചടയമംഗലത്തേക്ക് തിരിച്ചത്.
വൈകിട്ട് നാല് മണിയോടെ ജടായു എര്‍ത്ത് സെന്ററിലെത്തിയ ഗവര്‍ണര്‍ ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു. റോപ് വേയിലൂടെ പാറയുടെ മുകളിലേക്ക് യാത്ര ചെയ്ത അദ്ദേഹം ലോകപ്രശസ്തമായ ജടായു ശില്പവും അവിടുത്തെ മനോഹരമായ ദൂരക്കാഴ്ചകളും നേരിട്ടുകണ്ടു ആസ്വദിച്ചു.
ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും ജടായു ശില്പത്തിന്റെ പ്രത്യേകതകളെക്കുറിച്ചും സംഘാടകര്‍ ഗവര്‍ണര്‍ക്ക് വിശദീകരിച്ചു നല്കി. സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.






