ചെന്നൈ : തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ഹർജിയിലാണ് വിധി. അഭിഭാഷകനായ കെ സുധൻ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് വിധി.
ഇതേ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ വിജയിച്ചവരാണ് ടിവികെ ടിക്കറ്റിൽ വീണ്ടും മത്സരിക്കുന്നത്. ഇത്തരത്തിൽ പൊതുപണം പാഴാക്കരുതെന്നായിരുന്നു ഹർജി. രാജിവെച്ചവർ വീണ്ടും മത്സരിക്കുമ്പോൾ അവരിൽ തിരഞ്ഞെടുപ്പ് ചിലവ് ഈടാക്കണം. നിശ്ചിതകാലത്തേയ്ക്ക് ഇത്തരക്കാരെ മത്സരിയ്ക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ്എ ധർമാധികാരി, ജസ്റ്റിസ് ജി അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി തീരുമാനിച്ചാൽ അതിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് കാണിച്ചാണ് കോടതി നടപടി. അതേസമയം തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ച ഇടത് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സിപിഐയും മധുരാന്തകത്ത് സിപിഐഎമ്മുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ധാരാപുരത്ത് ലക്ഷ്മണനാണ് സിപിഐ സ്ഥാനാർഥി. മധുരാന്തകത്ത് സിപിഎമ്മിനായി സുഗന്ധിയാണ് മത്സരിക്കുക.






