കൊച്ചി: ഇ.എസ്.എ വിജ്ഞാപനത്തില്‍ സംസ്ഥാന സർക്കാരിന്റെ നടപടിക്രമങ്ങള്‍ അവ്യക്തമെന്ന് സീറോ മലബാർ സഭ. പരാതികള്‍ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പിൻവലിച്ച് പുതിയ റിപ്പോർട്ട് നല്‍കണമെന്നും സീറോ മലബാർ സഭ. ഇ എസ് എയുടെ മാപ്പും കൃത്യമായ വിസ്തീർണ്ണവും ഉള്‍പ്പെടെ തയ്യാറാക്കിയ പുതിയ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 131 വില്ലേജുകളാണ് പരിസ്ഥിതിലോല മേഖലയുടെ പരിധിയില്‍ വരുന്നത്. കേരളത്തില്‍ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ ഇഎസ്എ പരിധിയുള്ള മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. വിജ്ഞാപനത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്നത് ഇടുക്കി ജില്ലയെയാണ്. ജില്ലയിലെ 51-52 വില്ലേജുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
131 വില്ലേജുകളില്‍ നിന്ന് 33 എണ്ണം പൂർണ്ണമായി ഒഴിവാക്കി ഇഎസ്എ വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ പൂർണ്ണമായി ഒഴിവാക്കി വനപ്രദേശങ്ങള്‍ മാത്രം പരിസ്ഥിതിലോല മേഖലയാക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 2026 സെപ്റ്റംബർ 24-25 തീയതികളില്‍ അവസാനിക്കുകയാണ്.






