ന്യൂഡൽഹി : ഓൺലൈൻ വഴി അതിവേഗത്തിൽ സാധനങ്ങൾ എത്തിച്ചു നൽകുന്ന സ്വിഗ്ഗിയുടെ ക്വിക്-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്' നോട്ടീസ്. കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അഴുകിയതും കാലാവധി കഴിഞ്ഞതുമായ ആഹാര സാധനങ്ങൾ വിതരണം ചെയ്തെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വ്യാപക പരാതികളുയർന്നിരുന്നു. തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി.
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉപഭോക്താക്കൾ ഉന്നയിച്ചിരിക്കുന്നത്. ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്ത കുഞ്ഞുങ്ങൾക്കുള്ള ആഹാരം മോശമായതും ഉപയോഗശൂന്യവുമായ നിലയിലായിരുന്നുവെന്ന് പരാതികളിൽ പറയുന്നു. ഈ ഉൽപ്പന്നം ഉപഭോക്താവ് തിരിച്ചയച്ചിട്ടും അത് വീണ്ടും മറ്റൊരു ഓർഡറായി വിതരണം ചെയ്തതായും ആരോപണമുണ്ട്.
സംഭവത്തിൽ വിശദമായ വിശദീകരണവും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും അടിയന്തരമായി സമർപ്പിക്കാൻ പ്ലാറ്റ്ഫോമിന് നിർദ്ദേശം നൽകി. വീഴ്ച വരുത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.






