മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുനിന്ന് സ്വര്‍ണവുമായി യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് നാടകീയ ട്വിസ്റ്റ്.
സ്വര്‍ണം പൊട്ടിക്കാനായി ആസൂത്രണം ചെയ്ത് തട്ടിക്കൊണ്ടുപോകല്‍ നാടകം യുവതിയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണം വാങ്ങാനെത്തിയ സംഘത്തെ കബളിപ്പിച്ച് ആഭരണങ്ങള്‍ മറ്റൊരു സംഘത്തിന് കൈമാറാനായിരുന്നു ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദുബായില്‍ നിന്ന് സ്വര്‍ണവുമായി കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശിനി പ്രിയങ്കയെ ഒരു സംഘം ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. വിമാനത്താവളത്തിന് പുറത്തുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തിന് പിന്നില്‍ സ്വര്‍ണം കൈക്കലാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പിന്നീട് വ്യക്തമായി.
പൊലീസ് സംഘം വാഹനത്തെ പിന്തുടര്ന്ന് ഒമ്പത് കിലോമീറ്ററോളം നീണ്ട തിരച്ചിലിനൊടുവില്‍ മലപ്പുറം പുളിക്കലില്വെച്ച് തടഞ്ഞു. യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ ഭര്‍ത്താവ് റിനീഷും സുഹൃത്തുക്കളും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
സ്വര്‍ണം വാങ്ങാനെത്തിയ സംഘത്തിന് കൈമാറാതെ മറ്റൊരു സംഘത്തിന് നല്‍കാനായിരുന്നു യുവതിയുടെ നീക്കമെന്നാണ് വിവരം. സ്വര്‍ണം തട്ടിക്കൊണ്ടുപോയെന്ന പ്രതീതി സൃഷ്ടിച്ച് യഥാര്‍ഥ ഇടപാടുകാരെ കബളിപ്പിക്കാനായിരുന്നു ശ്രമമെന്നും പൊലീസ് സംശയിക്കുന്നു. മാല, വള, കൈച്ചെയിന്‍ തുടങ്ങിയ ആഭരണങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്.
യുവതിയും ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളും സ്വര്‍ണം വാങ്ങാനെത്തിയ ഒരാളുമുള്‍പ്പെടെ ആറുപേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെ പിടികൂടുന്നതിനിടെ പൊലീസ് നടത്തിയ നീക്കങ്ങളുടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കവും സ്വര്‍ണം പൊട്ടിക്കലും പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിനിടെയാണ് പുതിയ സംഭവം. കസ്റ്റംസിന്റെ പരിശോധന മറികടന്ന് വിമാനത്താവളത്തിന് പുറത്തേക്കെത്തിക്കുന്ന സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.






