കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള് വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയില്വേ സ്റ്റേഷൻ സന്ദർശിച്ചു.
ശബരിമല തീർത്ഥാനുമായി ബന്ധപ്പെട്ട ഈ വർഷം കൂടുതല് തീർത്ഥാടകരെ എത്താൻ സാധ്യതയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില് അടിസ്ഥാന സൗകര്യങ്ങള് വിലയിരുത്താൻ കേന്ദ്ര റെയില്വേ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയില്വേ സ്റ്റേഷൻ സന്ദർശനമെന്നും സുരേഷ് ഗോപി പറഞ്ഞു. സീസണ് കാലത്ത് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാനുള്ള ജോലികള് റെയില്വേ നേരത്തെ തുടങ്ങിയിട്ടുണ്ട്. കൂടുതല് റെയില്വേ സ്റ്റേഷനുകള് സന്ദർശിച്ച് സൗകര്യങ്ങള് വിലയിരുത്തും.
കൂടുതല് സ്പെഷ്യല് ട്രെയിനുകള് അടക്കം ശബരിമല സീസണ് കാലത്ത് ആലോചനയിലുണ്ടെന്നും ചെങ്ങന്നൂർ അടക്കമുള്ള റെയില്വേ സ്റ്റേഷനുകളുടെ സൗകര്യങ്ങള് മെച്ചപ്പെടുത്തുമെന്നും അദ്ദേഗം പറഞ്ഞു. ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയില് പാതകള് ഏതാണോ അതുണ്ടാകുമെന്നും അങ്കമാലി-ശബരി റെയില് പാത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തില് എയിംസ് വരുമെന്നും അത് വരരുതെന്ന് ആഗ്രഹിക്കുന്നത് ആരാണെന്നൊക്കെ എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.






