ഡല്‍ഹി: ബാലവേല നിരോധന നിയമം കർശനമായി നടപ്പാക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയ സെക്രട്ടറിക്ക് സുപ്രിംകോടതി നിർദേശം.
14 വയസില്‍ താഴെയുള്ള കുട്ടികളെ തൊഴിലെടുപ്പിക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ 2016ലെ ഭേദഗതി ഉള്‍പ്പെടെ, ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം 1986ലെ വ്യവസ്ഥകള്‍ പൂർണമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പ്രത്യേക സെല്‍.
നിയമം നടപ്പാക്കുന്ന ഏജൻസികള്‍ക്ക് ആവശ്യമായ നിർദേശങ്ങള്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ മുഖേന നല്‍കണമെന്നും കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യംചെയ്ത് സമർപ്പിച്ച റിട്ട് ഹരജി തീർപ്പാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എസ്.വി.എൻ ഭട്ടി, എൻ.വി അഞ്ജാരിയ എന്നിവർ ഉള്‍പ്പെട്ട ബെഞ്ചാണ് നിർദേശം നല്‍കിയത്. 1986ലെ നിയമത്തിന്റെ ആദ്യരൂപത്തില്‍ അപകടകരമായ തൊഴില്‍ മേഖലകളില്‍ മാത്രമായിരുന്നു കുട്ടികളെ ജോലിക്കു നിയോഗിക്കുന്നതിന് നിരോധനമുണ്ടായിരുന്നത്. എന്നാല്‍, 2016ലെ 35ാം നമ്പർ ഭേദഗതി നിയമത്തിലൂടെ 14 വയസില്‍ താഴെയുള്ള കുട്ടികളെ എല്ലാ തൊഴില്‍ മേഖലകളിലും ജോലിക്കു നിയോഗിക്കുന്നത് നിരോധിച്ചു.
സ്കൂള്‍ സമയത്തിനുശേഷമോ അവധിക്കാലത്തോ അപകടകരമല്ലാത്ത കുടുംബ സംരംഭങ്ങളില്‍ കുട്ടികള്‍ക്ക് സഹായിക്കാമെന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്.






