തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ചോര വീണ മണ്ണാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അത് പകപോക്കലിന്റെ രാഷ്ട്രീയമായല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ രാഷ്ട്രീയമാണ് അതെന്ന് സണ്ണി ജോസഫ് ന്യായീകരിച്ചു.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്നലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും സണ്ണി ജോസഫ് ചർച്ച നടത്തിയിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറു മാസം പിന്നിടുമ്പോഴും കെപിസിസിക്ക് ഒരു മുഴുവൻ സമയ അധ്യക്ഷനില്ലെന്ന വിഷയം കൂടിക്കാഴ്ചയില്‍ പ്രധാന ചർച്ചയാകും. കെപിസിസിക്ക് പുതിയ മുഴുവൻ സമയ അധ്യക്ഷനെ വേഗത്തില്‍ നിയമിക്കണമെന്ന ആവശ്യം സണ്ണി ജോസഫ് ശക്തമായി ഉന്നയിക്കും. ഇതിനുപുറമേ, മന്ത്രിസഭയ്ക്കുള്ളിലെ ഭിന്നതകളും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹം രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കും.
കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള തർക്കം പരസ്യ യുദ്ധത്തിലേക്ക് വഴിമാറിയത് പാർട്ടിക്ക് വലിയ പ്രതിസന്ധിയായിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്യ പ്രതികരണത്തിന് സണ്ണി ജോസഫ് തയ്യാറായില്ല.






