തൃശ്ശൂർ: ഭർതൃവീട്ടില്‍ ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുട്ടി പോട്ട സ്വദേശി അഫ്സലിന്റെ ഭാര്യ എമില്‍ഡ(22)യാണ് മരിച്ചത്.
സംഭവത്തില്‍ ഭർത്താവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ഒക്ടോബർ ആറിനാണ് എമില്‍ഡ ഭർതൃവീട്ടില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തൂങ്ങിയനിലയില്‍ കണ്ടെത്തിയ യുവതിയെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
പരിയാരം സ്വദേശിയായ എമില്‍ഡയും അഫ്സലും രണ്ടുവർഷം മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ദമ്പതിമാർക്ക് ഒരുവയസ്സുള്ള കുഞ്ഞുമുണ്ട്. എമില്‍ഡയെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായി ഒരു സുഹൃത്താണ് പൊലീസിന് മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.






