ന്യൂഡല്‍ഹി : കെ സുധാകരന് എംപിയുടെ ഡല്‍ഹി യാത്ര മുടക്കാന്‍ ശ്രമമെന്ന പരാതിയുമായി കുടുംബം. ദുബായില്‍ ചികിത്സയിലുള്ള സുധാകരനെ കുടുംബത്തിന്റെ അനുമതിയില്ലാതെ റൂമില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിക്കുന്നു. മണ്ഡല പുനര്‍നിര്‍ണയ ബില്‍ നാളെ പാര്‍ലമെന്റ് പരിഗണിക്കാനിക്കെ സുധാകരന്റെ ഡല്‍ഹിയിലേക്കുള്ള യാത്ര തടയാനാണ് ശ്രമമെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണെന്ന അതീവ ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്.
'ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന അച്ഛനെ നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസ്ചാര്‍ജ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രി തയ്യാറാകുന്നില്ല. മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണോ എന്ന് സംശയമുണ്ട്. എന്തിനാണ് അച്ഛനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എന്ന് അറിയില്ല' എന്നും സുധാകരന്റെ മകന് സംജോഗ് സുധാകരന് ആരോപിച്ചു.
'അച്ഛന് മറ്റാരുടെയോ കസ്റ്റഡിയില്‍ ആണെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്. അമിത് ഷായുടെ ഓഫീസില്‍ നിന്നും വിളിച്ചുവെന്നാണ് ആശുപത്രി പറയുന്നത്. അച്ഛനെ തടഞ്ഞുവെച്ചിരിക്കുകയാണോ എന്നാണ് സംശയം. ചികിത്സ നിയന്ത്രിക്കുന്നത് അമിത് ഷായാണോയെന്ന സംശയമുണ്ട്. അച്ഛനെ കാണാന്‍ തന്നെയും അമ്മയെയും അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്' എന്നും മകന് പറഞ്ഞു. സുധാകരനെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന് മരുമകനും ആരോപിച്ചു.






