പട്ന: ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ ഭര്‍തൃമാതാവിനെ മരുമകളും കാമുകനും ചേര്‍ന്ന് ക്രൂരമായി അടിച്ചുകൊലപ്പെടുത്തി.
അറുപത്തൊന്പതുകാരിയായ രാംലാ ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകളായ ഗുഡ്ഡി കുമാരിയെയും കാമുകന് റിഷി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 25-ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ടികപട്ടി പൊലീസ് സ്റ്റേഷന് പരിധിയിലെ നയാ നന്ദ്ഗോള ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുഡ്ഡി കുമാരിയും റിഷി കുമാറും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവദിവസം രാത്രി രാംലാ ദേവി വീട്ടിലെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ ഗുഡ്ഡി കുമാരിയെയും റിഷി കുമാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ ഒരുമിച്ച് കാണുകയായിരുന്നു. തങ്ങളുടെ അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയപ്പെട്ട ഇരുവരും മുളയുടെ വേര് കൊണ്ട് നിര്‍മിച്ച ഭാരമേറിയ മരത്തടി (മുംഗ്ര) ഉപയോഗിച്ച് രാംലാ ദേവിയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊലപാതകത്തിനുശേഷം അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ആസൂത്രിതമായ നീക്കം നടത്തി. അയല്പക്കത്തെ കുടുംബവുമായുള്ള ഭൂമിതര്‍ക്കം ചൂണ്ടിക്കാട്ടി, അയല്‍വാസിയായ നിതീഷ് കുമാറും അമ്മയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഗുഡ്ഡി പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് കൊല്ലപ്പെട്ട രാംലാ ദേവിയുടെ മകന് അബോധ് പാസ്വാന് അയല്‍വാസികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും, പ്രാഥമികമായി പൊലീസ് നിതീഷ് കുമാറിനെയും അമ്മയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പൂര്‍ണിയ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൗര്യ സുമന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നല്‍കിയതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ധംദഹ എസ്.ഡി.പി.ഒ അജിത് പ്രതാപ് സിങ് ചൗഹാന്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡി.എസ്.പി സൗരഭ് ജയ്സ്വാള്‍, രൂപൗലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുന്ദന്‍ കുമാര്‍, ടികപട്ടി എസ്.എച്ച്.ഒ സൗരഭ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
എസ്.ഐ.ടി നടത്തിയ വിശദമായ അന്വേഷണത്തില്‍ ഗുഡ്ഡി കുമാരിയും റിഷി കുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച ഭാരമേറിയ വടിയും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ തുടരന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.






