തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കണ്സെഷൻ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികള്‍ക്ക് കണ്സെഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 24 വയസ്സില്‍ നിന്ന് 27 വയസ്സായി ഉയർത്തി.
ഇതോടൊപ്പം കണ്സെഷൻ നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി 40 കിലോമീറ്ററായും വർധിപ്പിച്ചു.
സ്വകാര്യ ബസുകളില്‍ വിദ്യാർത്ഥി കണ്‍സെഷനെ ചൊല്ലിയുള്ള തർക്കങ്ങള്‍ പതിവായ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇനി മുതല്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് വിദ്യാർത്ഥികള്‍ക്ക് കണ്സെഷൻ നിരക്കില്‍ യാത്ര ചെയ്യാൻ അനുമതി.
സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുഴുവൻ സമയ വിദ്യാർത്ഥികള്‍ക്ക് മാത്രമായിരിക്കും കണ്സെഷൻ ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്സുകള്‍, പാർട്ട് ടൈം കോഴ്സുകള്‍ എന്നിവ പഠിക്കുന്നവർക്ക് ഈ സൗകര്യം ലഭിക്കില്ലെന്ന് എംവിഡി വ്യക്തമാക്കി.






