പാലക്കാട്: പാലക്കാട് മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.
പാലക്കാട് വാണിയംകുളം സ്വദേശികളായ കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാല് ദിവസമായി ഇവരുടെ വീട് പൂട്ടിയിട്ട നിലയിലാണ്. ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ അയല്‍വാസികളെ അറിയിക്കുകയും തുടർന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ സിസിടിവി പരിശോധനയില്‍, വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മൂന്നുപേരും ഈ വാഹനത്തിലാകാം യാത്ര തിരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇവരുടെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ പരിശോധിച്ചതില്‍ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.






