ന്യൂഡല്‍ഹി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരം വിജയം കണ്ടു.
വിദ്യാര്‍ഥികളുടെ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചു.
ഭരണഘടന 2027 മെയ് 15ന് അംഗീകരിക്കും. ജൂലൈ 16ന് തെരഞ്ഞെടുപ്പ് നടത്തും.
എല്ലാവിധ അച്ചടക്ക നടപടികളും ഉത്തരവുകളും പിൻവലിക്കാനും തീരുമാനമായി.
വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർഥികളെ ഇക്കാര്യം അറിയിച്ചത്. സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സർവകലാശാല രജിസ്ട്രാർ ആവശ്യപ്പെട്ടു.
ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ്സ് യൂണിയൻ (ജെഎംഐഎസ്യു) പുനഃസ്ഥാപിക്കണമെന്നും, തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 12നാണ് വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്.
2006ൽ ജാമിഅ മില്ലിയ്യ യൂണിയൻ പിരിച്ചുവിട്ടതിനുശേഷം ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധം ശക്തമായത്.
എന്നാല്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ അധ്യാപകരെയും അനധ്യാപകരെയും പൊലീസിനെയും കൂട്ടുപിടിച്ച് വഅടിച്ചമർത്താനാണ് മാനേജ്മെന്റ് ശ്രമിച്ചത്.
അധികൃതരുടെ അന്ത്യശാസനത്തിനിടയിലും വിദ്യാർഥികൾ സമരം തുടര്‍ന്നു.
ആവശ്യങ്ങൾ രേഖാമൂലം അംഗീകരിക്കുകയും തിരഞ്ഞെടുപ്പിന് കൃത്യമായ തീയതി പ്രഖ്യാപിക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്.






