കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കെത്തിയ അഞ്ചുവയസുകാരിക്ക് തെരുവുനായയുടെ ആക്രമണം. ഏറ്റുമാനൂർ പട്ടിത്താനത്ത് നിന്നെത്തിയ വിന്നുവിന്റെ മകളുടെ ചെവിക്ക് പിറകിലാണ് നായ കടിച്ചത്. മുഖത്തും നായ മാന്തി. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം.
കുട്ടിയുടെ കാലിലെ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും മക്കളും. ആശുപത്രിയിലെ തിരക്ക് കുറഞ്ഞ ശേഷം ഡോക്ടറെ കാണാമെന്ന് കരുതി പൊടിപാറ ബിൽഡിങ്ങിന് സമീപത്തെ ശുചിമുറിക്ക് എതിർവശത്തുള്ള മരത്തിന് സമീപം കുട്ടികൾക്കൊപ്പം വിന്നു നിൽക്കുകയായിരുന്നു. അഞ്ചുവയസുകാരി സമീപത്തെ തറയിൽ ഇരിക്കുകയായിരുന്നു.
ഇതിനിടെ വിന്നു കയ്യിലിരുന്ന് ലോട്ടറി വിൽക്കുന്നതിനിടെയാണ് തെരുവുനായ കുട്ടിയുടെ സമീപത്തേക്ക് എത്തിയത്. നായയെ കണ്ട് കുട്ടി ഭയന്ന് എഴുന്നേൽക്കുന്നതിനിടെ നിലത്ത് വീണു. പിന്നാലെ ചാടിയെത്തിയ നായ കുട്ടിയുടെ ചെവിക്ക് പിറകിൽ കടിക്കുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡിയാട്രിക് സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മുറിവ് ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ തുന്നലിടുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ്പും നൽകി.
അതേസമയം, കോട്ടയം ജില്ലയിൽ തെരുവുനായ ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം ജില്ലയിൽ 12 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുടമാളൂരിലാണ് ഇവർക്ക് നായയുടെ കടിയേറ്റത്.






