വൈക്കം : തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിര്‍ധന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന പശു ചത്തു, കിടാവ് അവശനിലയില്‍. ഉദയനാപുരം പഞ്ചായത്തില്‍ 7-ാം വാര്‍ഡ് പടിഞ്ഞാറേക്കര കളപ്പുരയ്ക്കല്‍ രാധിക പവനന്റെ പശുവാണ് ചത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വീട്ടുകാര്‍ പുറത്തു പോയി വൈകിട്ടോടെ മടങ്ങി എത്തിയപ്പോള്‍ പശു അസ്വാഭാവികമായി കരയുന്നത് കണ്ട് നോക്കിയപ്പോള്‍ പശുവിന്റെ മൂക്കിന്റെ ഭാഗത്ത് നായ കടിച്ച നിലയില്‍ കണ്ടെത്തി.
വായില്‍ നിന്നും നുരയും പതയും വന്ന് തീറ്റ തിന്നാതെ വന്നതിനെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് കുത്തിവയ്പ്പും മരുന്നും നല്‍കിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ ചത്തു. ഒപ്പം ഉണ്ടായിരുന്ന കിടാവും അവശതയിലാണ്. കടിച്ച നായ്ക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നതായും വീട്ടുകാര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് മല്ലാകേരില് ജോര്‍ജ് കുര്യന്റെ പശുവും സമാന രീതിയില്‍ ചത്തിരുന്നു.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും രാത്രികാലങ്ങളില്‍ കൂട്ടമായി നായ്ക്കള്‍ അലഞ്ഞു തിരിയുന്നത് ഭീതി പരത്തുന്നതായും നാട്ടുകാര്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ജീവന് നഷ്ടമായ പശുവിന്റെ ഉടമയ്ക്ക് അടിയന്തര സഹായം നല്‍കണമെന്നും ആവശ്യം ശക്തമാണ്.






