മലപ്പുറം : മലപ്പുറത്ത് വീട്ടില്‍ കയറി 24 പവന് സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ നിറമരുതൂര്‍ ചക്കരമൂല കണ്ണംവളപ്പില് സുഹൈദ് (25), എആര്‍ നഗര്‍ യാറത്തുംപടി പാലമാത്തില് പുതുപ്പറമ്പില്‍ ഉബൈദ് (32), 17 വയസ്സുകാരന് എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടി ടിസി റോഡിലെ മച്ചിങ്ങല്‍ സുബൈറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സുബൈറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 24 പവന് സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. മോഷണം നടക്കുമ്പോള്‍ സുബൈറിന്റെ ഭാര്യയും മക്കളും വീടിന്റെ മുകള്‍ നിലയിലായിരുന്നു. ഈ സമയത്താണ് പ്രതികള്‍ വീട്ടിലെത്തി മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അലമാര പൂട്ടിയിട്ടില്ലാത്തതിനാല്‍ എളുപ്പത്തില്‍ കൈക്കലാക്കാന്‍ കഴിഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് മറ്റു പ്രതികള്‍ മോഷണം നടത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും പ്രതികളില്‍നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ സുഹൈദിന്റെ പേരില്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസും താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസുമുണ്ട്. ഉബൈദിന്റെ പേരില്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ട് കേസുകളും കത്തിക്കുത്ത് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മോഷണത്തിന് പിന്നിലെ ആസൂത്രണവും പൊലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.






