വയനാട്: വിനോദ യാത്ര വിവാദത്തില്‍ വയനാട് മീനങ്ങാടി ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങള്‍ പാലിച്ചാണ് വിനോദയാത്ര പോയതെന്നാണ് പ്രിൻസിപ്പല്‍ ഷിവി കൃഷ്ണന്റെ വാദം. ഈ സാഹചര്യത്തില്‍ നടപടി നീതിക്ക് നിരക്കാത്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പ്രിൻസിപ്പലിന് അനുകൂലമായ തെളിവുകള്‍ പുറത്ത്
മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തില്‍ പ്രിൻസിപ്പലിന് അനുകൂലമായ തെളിവുകള്‍ ഇന്ന് പുറത്ത് വന്നിരുന്നു. വിനോദയാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ആർഡിഡിയോട് അനുമതി തേടിയിരുന്നു. സ്കൂളില്‍ നിന്നുള്ള പഠനയാത്രയ്ക്ക് ഹയർ സെക്കണ്ടറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്ന് അനുമതി തേടിയില്ല, രാത്രി യാത്ര നടത്തി, മൂന്ന് ദിവസം വരെ മാത്രമേ പഠനയാത്ര നടത്താവു എന്നിരിക്കെ അഞ്ച് ദിവസത്തെ യാത്ര നടത്തി എന്നീ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളില്‍ നിന്ന് സ്ഥലം മാറ്റിയത്. എന്നാല്‍ വിനോദ യാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ആര്‍ഡിഡിയുടെ അനുമതിയ്ക്കായി സ്കൂളില്‍ നിന്ന് അപേക്ഷ നല്‍കിയിരുന്നു.
ഓഗസ്റ്റ് 14 നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ആര്‍ഡിഡി ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചില്ല. സാധാരണ മറുപടി ലഭിക്കാറില്ലെന്നും ടൂർ കഴിഞ്ഞ് വന്ന ശേഷമൊക്കെയാണ് മറുപടി ലഭിക്കാറ് ഉള്ളതെന്നും സ്കൂള്‍ അധികൃതർ പറയുന്നു. മറ്റ് സ്കൂളുകളില്‍ നിന്നൊക്കെ ഹൈദരബാദിലേക്ക് സമാന രീതിയില്‍ ടൂർ പോയിട്ടുണ്ട് എന്നിരിക്കെ പ്രിൻസിപ്പല്‍ ഷിവി കൃഷ്ണനെതിരെ നടപടി എടുത്തത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ഉയർന്ന ആരോപണം. പ്രിന്‍സിപ്പല്‍ മദ്യപിച്ചിരുന്നില്ല എന്ന് വ്യക്തമായതിനാല്‍ മറ്റ് കാരണങ്ങള്‍ പറഞ്ഞ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം മാറ്റി എന്നാണ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഉള്‍പ്പടെ ആരോപിക്കുന്നത്.






