തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കുകിഴക്കൻ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന അന്തരീക്ഷ ചുഴികളും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ നിലവില്‍ ശക്തമാകാൻ കാരണം.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, കൊല്ലം, ആലപ്പുഴ, എറണാകുളം മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണുള്ളത്.
അടുത്ത 14ാം തീയതി വരെ സമാനമായ കാലാവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനം നിലവിലുള്ള മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തിയേക്കാം.






