പത്തനംതിട്ട: മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങള്‍ ആണെന്നും കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.
കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല.
അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിനോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.
അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തില്‍ അറസ്റ്റിലായ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
മൂന്നുമാസത്തിനിടെ ഒരു നോട്ടീസ് പോലും പൊലീസ് നല്‍കിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസ് അറസ്റ്റ് ചെയ്ത ജയകൃഷ്ണൻ യഥാർഥ പ്രതി അല്ലെന്നും വാദം അഭിഭാഷകൻ വാദിച്ചു.
കേസിലെ ഒന്നാം പ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രധാനവാദമായി ഉയർത്തി. കഴിഞ്ഞ ദിവസമാണ് ജയകൃഷ്ണൻ പള്ളിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് സ്റ്റേഷനിലെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, സംഭവത്തില്‍ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നു.






