കുമരകം: ശ്രീനാരായണ ഗുരു ഒരു നൂറ്റാണ്ടു മുമ്പ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ ഓർമ പുതുക്കുന്നതിന് വേണ്ടി കുമരകം കോട്ടത്തോട്ടില്‍ നടത്തുന്ന 123 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി 28ന് 2.30ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് മെംബർ പി.കെ. വൈശാഖ് സമ്മാനദാനം നിർവഹിക്കും. ക്ലബ് ആക്ടിംഗ് പ്രസിഡന്റ് സാല്‍വിൻ കൊടിയന്ത്രയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അച്ചായൻസ് ഗോള്‍ഡ് ഉടമ ടോണി വർക്കിച്ചൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കെ. ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ, മുൻ മന്ത്രി വി.എൻ. വാസവൻ, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കെ. സുരേഷ്കുറുപ്പ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലൻ കുര്യാക്കോസ് മാത്യു, വിഷ്ണു മണി, പഞ്ചായത്ത് അംഗം കെ.എസ്. സലിമോൻ, കോട്ടയം എസ്എൻഡിപി യൂണിയൻ കണ്‍വീനർ സുരേഷ് പരമേശ്വരൻ, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ഫാ. അഭിലാഷ് ഏബ്രഹാം, ഫാ. സിറിയക് വലിയപറമ്പില്‍, വി.ബി. ബിനു, ജി. ഗോപകുമാർ, പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവർ പ്രസംഗിക്കും. മത്സരാനന്തരം ശ്രീകുമാരമംഗലം ദേവസ്വം മൈതാനത്ത് നടക്കുന്ന സമ്മാപന സമ്മേളനത്തില്‍ ക്ലബ് വൈസ് പ്രസിഡന്റ് പി.കെ. സുധീർ അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് ക്ഷേത്രക്കടവില്‍നിന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രികള്‍ തുടങ്ങിയ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ ജലഘോഷയാത്ര കോട്ടത്തോട്ടില്‍ എത്തിച്ചേരുമ്പോള്‍ മത്സരവള്ളംകളിക്ക് തുടക്കം കുറിക്കും.
മൂന്നുതൈക്കൻ, തുരുത്തിത്തറ, പിജി കർണൻ, പട്ടേരിപ്പുരയ്ക്കല്‍, മൂഴി, കോടിമത തുടങ്ങിയ 22ല്‍ പരം കളിവള്ളങ്ങള്‍ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.






