കാഞ്ഞങ്ങാട്: രണ്ടുവർഷം മുമ്പ് തിരുവോണത്തലേന്ന് സന്ധ്യയ്ക്കു നടന്ന ദുരന്തത്തിന്റെ ഓർമകള്‍ മായാതെ നില്ക്കുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അപകടം നടന്ന സ്ഥലത്ത് പുതിയ മേല്പാലമൊരുങ്ങുന്നു.
മേല്പാലമില്ലാത്ത ഭാഗത്ത് റെയില്‍പാത മുറിച്ചുകടക്കുകയായിരുന്ന മൂന്നു സ്ത്രീകളാണ് 2024 സെപ്റ്റംബർ 14 നു സന്ധ്യയ്ക്ക് ഇവിടെ സൂപ്പർഫാസ്റ്റ് ട്രെയിൻതട്ടി മരിച്ചത്.
രാജപുരത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തുമടങ്ങുകയായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ, ആലീസ് തോമസ്, ഏയ്ഞ്ചല്‍ ഏബ്രഹാം എന്നിവരാണ് ദുരന്തത്തിനിരയായത്.
റെയില്‍വേ സ്റ്റേഷനിലെ ഏറ്റവും തിരക്കേറിയ വടക്കുഭാഗത്ത് മേല്‍പാലം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉള്ളതായിരുന്നു. നഗരത്തിലേക്കും തീരദേശമേഖലയിലേക്കുമുള്ള പ്രധാന വഴികളെല്ലാം സ്ഥിതിചെയ്യുന്നത് ഈ ഭാഗത്തായതിനാല് ട്രെയിൻ യാത്രക്കാർക്കും നഗരത്തില്‍ നിന്ന് തീരദേശമേഖലയിലേക്കും തിരിച്ചുമുള്ള കാല്‍നടയാത്രക്കാർക്കുമെല്ലാം പാളം മുറിച്ചുകടക്കുകയല്ലാതെ നിർവാഹമില്ലാത്ത സ്ഥിതിയാണ്.
വലിയൊരു ദുരന്തം സംഭവിച്ചിട്ടും സാങ്കേതിക തടസങ്ങളുടെ പേരില്‍ മേല്‍പാലത്തിന്റെ നിർമാണം പിന്നെയും നീണ്ടുപോയി. ഒരു വർഷം മുമ്പ് ഈ ഭാഗത്തുണ്ടായിരുന്ന വാഹന പാർക്കിംഗ് കേന്ദ്രം സ്റ്റേഷന്റെ തെക്കുഭാഗത്തേക്കു മാറ്റിയ ശേഷമാണ് ഇവിടെ മേല്‍പാലത്തിന്റെ നിർമാണം തുടങ്ങിയത്. അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തില്‍ യാത്രക്കാർ പാത മുറിച്ചുകടക്കേണ്ടിവരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്.
ഇരുവശങ്ങളിലും മധ്യത്തിലുമുള്ള തൂണുകളുടെ നിർമാണവും പാലത്തിന്റെ ഗർഡറുകള്‍ സ്ഥാപിക്കുന്ന ജോലിയും ഇപ്പോള്‍ പൂർത്തിയായി. ഗർഡറുകള്‍ കൂട്ടിയോജിപ്പിച്ച് പാലം പൂർത്തിയാക്കുന്ന ജോലിയും ചവിട്ടുപടികളുടെയും ലിഫ്റ്റിന്റെയും മേല്‍ക്കൂരയുടെയും നിർമാണവും പൂർത്തിയാകാനുണ്ട്. അതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം മേല്‍പാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.






