അഹമ്മദാബാദ്: പ്രൈം വോളിബോള്‍ ലീഗിന്റെ (പിവിഎല്‍) അഞ്ചാം സീസണ് അഹമ്മദാബാദില്‍ അരങ്ങേറും. നരന്‍പുരയിലെ വീര്‍ സവര്‍ക്കര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ 2026 നവംബര്‍ 30 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.
രാജ്യത്തുടനീളം പ്രൊഫഷണല്‍ വോളിബോളിന്റെ സ്വാധീനവും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുകയെന്ന ലീഗിന്റെ ലക്ഷ്യവുമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ അന്താരാഷ്ട്ര പ്രതിഭകള്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിര വോളിബോള്‍ താരങ്ങളും മാറ്റുരയ്ക്കും.
2030 കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ഒരുക്കങ്ങളും 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളായി അഹമ്മദാബാദ് ഒരു പ്രധാന കായിക കേന്ദ്രമായി സ്വയം ശക്തിപ്പെടുന്നതിനിടെയാണ് പ്രൈം വോളിബോള്‍ ലീഗ് സീസണ് 5 ന്റെ വേദി പ്രഖ്യാപനം. നഗരത്തിന്റെ അന്താരാഷ്ട്ര കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത വീര്‍ സവര്‍ക്കര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ഇന്ത്യയിലെ മുന്‍നിര പ്രൊഫഷണല്‍ വോളിബോള്‍ ലീഗിന് അനുയോജ്യമായ വേദിയാണ് ഒരുക്കുന്നത്. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും പത്ത് ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കും.
അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡല്‍ഹി തൂഫാന്‍സ്, ഗോവ ഗാര്‍ഡിയന്‍സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, മുംബൈ മിറ്റിയോര്‍സ്, തെലുങ്ക് ബ്ലാക്ക് ഹോക്സ് ടീമുകളാണ് മത്സരിക്കുക. ബെംഗളൂരു ടോര്‍പ്പിഡോസ് ആണ് നിലവിലെ ചാമ്പ്യന്മാര്.






