തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിനകത്ത് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
മത്സരത്തിന് എത്തുന്ന കാണികള്‍ക്കായി പ്രവേശനാനുമതിയില്ലാത്ത നിരോധിത വസ്തുക്കളുടെ വിശദമായ പട്ടിക കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഓ) പുറത്തുവിട്ടു.
പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെല്‍ഫി സ്റ്റിക്ക്, നാണയങ്ങള്‍ എന്നിവയടക്കം സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടില്ല. കാണികള്‍ സാധാരണയായി കരുതുന്ന വിസില്‍, ഗ്ലാസ് ബോട്ടിലുകള്‍, കുട, ഹെല്‍മറ്റ് എന്നിവയ്ക്കും പൂർണ്ണ വിലക്കുണ്ട്. ഡി.എസ്.എല്‍.ആർ ക്യാമറകള്‍, വീഡിയോ റെക്കോർഡറുകള്‍, ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവേശിപ്പിക്കില്ല.
ആയുധങ്ങള്‍, മൂർച്ചയുള്ള വസ്തുക്കള്‍, ലഹരി പദാർത്ഥങ്ങള്‍, പടക്കങ്ങള്‍, മാരക രാസവസ്തുക്കള്‍ എന്നിവയുമായി എത്തുന്നത് കർശനമായി തടയും. ഇതിനുപുറമേ ലേസർ പോയിന്ററുകള്‍, ഡ്രോണുകള്‍ എന്നിവയും സ്റ്റേഡിയം വളപ്പില്‍ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണപദാർത്ഥങ്ങള്‍, ടിന്നുകള്‍, മദ്യം ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ എന്നിവയും അകത്തേക്ക് അനുവദിക്കില്ല.
വളർത്തുമൃഗങ്ങള്‍, സംഗീതോപകരണങ്ങള്‍, വുവുസേല തുടങ്ങിയവയുമായും പ്രവേശിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. സുഗമവും സുരക്ഷിതവുമായ മത്സര നടത്തിപ്പിനായി പോലീസ് നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോട് കാണികള്‍ പൂർണ്ണമായും സഹകരിക്കണമെന്ന് കെസിഎ അഭ്യർത്ഥിച്ചു.ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതല്‍ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളോട് പൊതുജനങ്ങള്‍ പൂർണമായി സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.






