തിരുവനന്തപുരം: ലയണല്‍ മെസ്സി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും.
അന്വേഷണത്തിന് എസ്ഐടിയെ നിയമിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തിരുന്നു. ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് എസ്ഐടി പരിശോധിക്കും. മുൻ മന്ത്രി ഉള്‍പ്പെടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്പോണ്സർക്ക് നിയവിരുദ്ധ ആനുകൂല്യങ്ങള്‍ ലഭിക്കാൻ സഹായം ചെയ്തോ എന്നും അന്വേഷിക്കും. വിദേശ പണമിടപാടുകളില്‍ കേന്ദ്ര ഏജൻസികളുടെ സഹായം തേടും. അന്വേഷണം വേഗത്തില്‍ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏല്‍പ്പിക്കാനാണ് ആലോചന. കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.
മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ വിജിലൻസും അന്വേഷണം നടത്തും. വിദേശത്തേക്ക് പണം കൈമാറിയതില്‍ ജിഎസ്ടി ഇനത്തില്‍ സർക്കാരിന് ലഭിക്കേണ്ടിയിരുന്ന 26 കോടിയോളം രൂപ സ്പോണ്സർമാരില് നിന്നും വാങ്ങുന്നതിലുണ്ടായ വീഴ്ചയിലാണ് അന്വേഷണം. ജിഎസ്ടി വാങ്ങണമെന്നുള്ള ഉദ്യോഗസ്ഥതല നിർദ്ദേശം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. ഇതിന് ശേഷം വിജിലൻസ് പ്രാഥമിക അന്വേഷണത്തിനുള്ള ഉത്തരവിറങ്ങും.






