ന്യൂ ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരേ ശിക്ഷാ നടപടികളോ പകപോക്കലോ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നല്കിയാല് അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. എന്നാല്‍, ഇത്തരമൊരു ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപവാസത്തില്‍ 11 കിലോയോളം ഭാരം കുറഞ്ഞുവെന്നും എന്നാല്‍, ഇപ്പോഴും ആരോഗ്യവാനാണെന്നും വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി
സുതാര്യവും ഉത്തരവാദിത്തമുള്ളതുമായൊരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടിയാണ് വിദ്യാർത്ഥികള്‍ ശബ്ദമുയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജ് ഉണ്ടായിട്ടും പ്രകോപനങ്ങളില്‍ വീഴാതെ തികഞ്ഞ ആത്മസംയമനം പാലിച്ച വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർഥികള്‍ക്ക് നേരെ ചിലർ പ്രകോപനപരമായ സമീപനം നടത്തിയിട്ടും അവർ സമാധാനപരമായി തന്നെ നിലകൊണ്ടു. ഇങ്ങനെ ക്രൂരമായി അടിച്ചമർത്തുന്നത് കണ്ടതോടെയാണ് ഉപവാസം തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജന്തർ മന്തറില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി വാങ്ചുക് നിരാഹാരത്തിലായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയിലാക്കിയെങ്കിലും സമരം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. നിലവില്‍ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം തന്റെ നിരാഹാര സമരത്തിന്റെ 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.






