കൊല്ലം: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിക്ക് പണം നല്കി യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ഉണ്ടായിരുന്നോ എന്നതില്കൂടി ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
നിലവില്‍ പരാതിക്കാരിയുടെ 21 പേജുള്ള കത്ത് 25 പേജുകളായി മാറ്റിയതിലെ ഗൂഢാലോചന സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ കേസ് പുരോഗമിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പരാതിക്കാരിക്ക് പണം നല്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടന്നോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിളിപ്പെടുത്തല്‍ നടത്താന്‍ മുതിര്‍ന്ന സിപിഎം നേതാവ് 10 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നെന്ന് പരാതിക്കാരി മുന്‍പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു
അന്നവര്‍ അത് നിഷേധിച്ചതായി പുറത്തു പറഞ്ഞെങ്കിലും പിന്നീട് മുന്‍പ് പറഞ്ഞിരുന്നതെല്ലാം അപ്പാടെ മാറ്റിപ്പറഞ്ഞ് പരാതിക്കാരി രംഗത്തുവന്നത് സംശയാസ്പദമായിരുന്നു.
സോളാര്‍ തട്ടിപ്പുകേസിലും സോളാര്‍ പീഡനക്കേസിലും പരാതിക്കാരി പലതവണ മൊഴി മാറ്റുകയും നിലപാട് തിരുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പുള്ള മാസങ്ങളിലുമായിരുന്നു.
ഇതിനായി പരാതിക്കാരിക്ക് വന്‍തോതില്‍ പണം നല്‍കിയിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. മാത്രമല്ല, സര്‍ക്കാര്‍ മാറിയശേഷം സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം പരാതിക്കാരിയും നിലപാട് മാറ്റിയിരുന്നു.
പിന്നീട് കുറേക്കാലം മൗനത്തിലായിരുന്ന പരാതിക്കാരി സര്‍ക്കാര്‍ വീണ്ടും പുനരന്വേഷണത്തിന് മുതിര്‍ന്നപ്പോള്‍ അന്നും പരാതിക്കാരി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഈ സാഹചര്യത്തില്‍ പരാതിക്കാരി അടിക്കടി നിലപാട് മാറ്റുന്നത് സംബന്ധിച്ച് ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
അതിനിടെ പരാതിക്കാരിയുടെ കത്തില്‍ 4 പേജുകള്‍ കൂട്ടി ചേര്‍ത്തത് സംബന്ധിച്ച ഗൂഢാലോചന കേസില്‍ മുന്‍ മന്ത്രി കെസി ജോസഫും ബെന്നി ബഹനാന് എംപിയും കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിട്ടുണ്ട്.






