ഇന്നത്തെ കാലത്തെ തിരക്കേറിയ ജീവിതക്രമം നമ്മുടെ ഭക്ഷണസമയം പലപ്പോഴും വൈകിപ്പിക്കാറുണ്ട്.
രാത്രി ഭക്ഷണത്തിന്റെ കാര്യം പറയാതിരിക്കുന്നതാകും നല്ലത്.
വൈകി അത്താഴം കഴിക്കുന്ന ശീലം ഇന്ന് വളരെ സാധാരണമാണ്.
ഇപ്പോഴിതാ, വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഗാർഗി സറീൻ.
ഈ അപകടസാധ്യത ഒഴിവാക്കാൻ എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നത് പ്രധാനമാണെന്നും അവർ ഹെൽത്ത് ഷോട്ട്സിനോട് പറഞ്ഞു.
ദഹനം മെച്ചപ്പെടും
നേരത്തെ അത്താഴം കഴിക്കുന്നത് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് സഹായിക്കും.
രാത്രി ഏഴിനോ എട്ടിനോ മുമ്പ് അത്താഴം കഴിക്കുന്നത് ഉറക്കത്തിന് മുമ്പ് ദഹനവ്യവസ്ഥയ്ക്ക് ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകുന്നു.
വൈകുന്നേരങ്ങളിൽ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോൺസ് ഹോപ്കിൻസ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കിയിരുന്നു.
രാത്രി വൈകി ധാരാളം ഭക്ഷണം കഴിക്കുന്നത് വയറുവീർക്കലിന് കാരണമാകും.
ഉറക്കത്തിന്റെ ഗുണനിലവാരം
വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുന്നതിന് കാരണമാകുമെന്ന് ഡോക്ടർ വ്യക്തമാക്കി.
രാത്രി എട്ടിന് മുമ്പ് അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ കാരണമാകും.
ദഹനം നന്നാകുമ്പോൾ നന്നായി വിശ്രമിക്കാൻ കഴിയുമെന്നും അവർ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
അത്താഴം ഒരുപാട് വൈകുന്നത് ശരീരം ഗ്ലൂക്കോസിനെ പ്രൊസസ്സ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കും.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും.
അതേസമയം, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
ഓരോ വ്യക്തിയും ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പോഷകാഹാര വിദഗ്ദ്ധർ ഭക്ഷണക്രമം തയ്യാറാക്കാറുണ്ട്.ഇക്കാര്യത്തിൽ നാം എപ്പോഴാണ് കഴിക്കുന്നതെന്നും പ്രധാനമാണ്.
വീക്കം കുറയ്ക്കുന്നു
വീക്കം(Chronic inflammation) അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന പ്രശ്നമാണ്.
സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വർധിപ്പിക്കുകയും ചെയ്യും.
രാത്രി ഏഴിനും എട്ടിനുമിടയിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
രോഗപ്രതിരോധ സംവിധാനത്തിനും വീക്കം കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം വളരെ പ്രധാനമാണെന്നും ഡോക്ടർ പറയുന്നു.






