കോട്ടയം: പൂർണ്ണമായ തോതിൽ ഉറക്കം ലഭിച്ചിട്ടും രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന അലസതയ്ക്കും ക്ഷീണത്തിനും പിന്നില്‍ 'സ്ലീപ് ഇൻർഷ്യ' (Sleep Inertia) എന്ന അവസ്ഥയാവാം കാരണം.
ഉറക്കത്തിൽ നിന്ന് ഉണർന്നതിന് ശേഷം തലച്ചോർ പൂർണ്ണമായ ജാഗ്രതയിലേക്ക് ഉണർന്നു വരാൻ എടുക്കുന്ന സമയത്തെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് ശ്രദ്ധ കേന്ദികരിക്കാൻ ബുദ്ധിമുട്ട് നേരിടുക, വീണ്ടും ഉറങ്ങാൻ തോന്നുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുക, കൃത്യമല്ലാത്ത ഉറക്കശീലങ്ങൾ, ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. സാധാരണയായി ഏതാനും മിനിറ്റുകൾകൊണ്ട് ഈ അവസ്ഥ മാറുമെങ്കിലും ചിലരിൽ ഇത് അരമണിക്കൂറിലധികം നീണ്ടുനിൽക്കാറുണ്ട്.
ഈ പ്രശ്നം ഒഴിവാക്കാൻ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക. രാവിലെ ഉണർന്നയുടൻ സൂര്യപ്രകാശം കൊള്ളുന്നതും അല്പനേരം ശരീരം ചലിപ്പിക്കുന്നതും വെള്ളം കുടിക്കുന്നതും സ്ലീപ് ഇൻർഷ്യയെ പ്രതിരോധിക്കാൻ സഹായിക്കും.
എന്നാൽ മതിയായ ഉറക്കം ലഭിച്ചിട്ടും അമിതമായ മയക്കം അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.






