കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷമണിഞ്ഞ് ലഹരിക്കടത്തുകാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത ശേഷം മറിച്ചുവില്‍പ്പന നടത്തിയ യുവാവ് പിടിയിൽ.
കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് പിടികൂടിയത്. ഡാൻസാഫ് എസ്ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു റോജിത്തിന്റെ തട്ടിപ്പ്.
ഇയാളില്‍ നിന്ന് എംഡിഎംഎ, എയർ പിസ്റ്റള്‍, ഹാൻഡ് കഫ്, എസ്ഐയുടെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോം ധരിച്ചുള്ള ഫോട്ടോ എന്നിവ പൊലീസ് കണ്ടെടുത്തു.
ലഹരിവസ്തുക്കള്‍ വില്ക്കുന്നവരെ സമീപിച്ച് താൻ ഡാൻസാഫ് എസ്ഐ ആണെന്ന് പരിചയപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇവരില്‍ നിന്ന് എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരിവസ്തുക്കള്‍ പിടിച്ചെടുക്കും.
എന്നാല്‍ നിയമനടപടിക്ക് കൈമാറുന്നതിന് പകരം ഇവ വീണ്ടും മറ്റുള്ളവർക്ക് വില്‍ക്കുകയായിരുന്നു. നിരവധി പേരില്‍ നിന്ന് പണം തട്ടിയതായും പൊലീസിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്.






