കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി.
മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാർ ജീവാലെയെയാണ് കാണാതായത്. മരുന്ന് വാങ്ങാനായി കപ്പലില്‍ നിന്നും പുറത്തേക്ക് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹപ്രവർത്തകർ നല്കുന്ന വിവരം. സംഭവത്തില്‍ ഹാർബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 12 മുതലാണ് അബിദിനെ കാണാതായത്.
രണ്ട് ദിവസം മുമ്പാണ് ഗുജറാത്തില്‍ നിന്നുള്ള ഈ കപ്പല്‍ വില്ലിങ്ടണ്‍ ഐലന്റിലെത്തിയത്. മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ഇദ്ദേഹം കപ്പലില്‍ നിന്നും പുറത്തേക്കിറങ്ങിയത്. തുടർന്ന് സഹപ്രവർത്തകരും കപ്പല്‍ അധികൃതരും രണ്ട് ദിവസത്തോളം ശക്തമായ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഇതോടെയാണ് കപ്പല്‍ അധികൃതർ ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കിയത്. തുറമുഖ പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






