കോട്ടയം: 2026 ആഗസ്റ്റ് മാസത്തിൽ നാടിനെ നടുക്കിയ അപ്രതീക്ഷിത പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളോട് സർക്കാർ കാട്ടുന്ന കടുത്ത അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് ദുരിതബാധിതരെ അണിനിരത്തി ഒക്ടോബർ 16 വെള്ളിയാഴ്ച്ച കോട്ടയം കളക്ടറേറ്റിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തും.
രാവിലെ 10:30-ന് ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ നൂറുകണക്കിന് പ്രളയബാധിതരും വ്യാപാരികളും പൊതുപ്രവർത്തകരും അണിനിരക്കും. സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം മാർച്ച് ഉദ്ഘാടനം ചെയ്യും.
പ്രളയക്കെടുതി നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യാതെ സർക്കാർ ദുരിതബാധിതരെ പട്ടിണിയിലേക്കും കണ്ണീരിലേക്കും തള്ളിവിടുകയാണ്. വെള്ളം കയറി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്ത കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ ഭൂരിഭാഗം പേർക്കും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്ന, ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ടുപേർക്ക് വീതം പ്രതിദിനം 300 രൂപ നിരക്കിൽ സർക്കാർ വാഗ്ദാനം ചെയ്ത സഹായം ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്.
പ്രളയത്തിൽ കടകളും ഉൽപ്പന്നങ്ങളും പൂർണ്ണമായും ഒലിച്ചുപോയി കടക്കെണിയിലായ ചെറുകിട-വൻകിട വ്യാപാര സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജും ധനസഹായവും ഉടൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.






