കോട്ടയം: സ്കൂള്‍ മേളകള്‍ക്ക് ചെലവേറും. ജഡ്ജസുമാര്‍, പന്തല്‍, ലൈറ്റ്, ഭക്ഷണം തുടങ്ങി എല്ലായിനത്തിനും കൂടുതല്‍ പണം ആവശ്യമായി വരുന്നതിനാലാണ് മേളകള്‍ക്ക് ഇത്തവണ ചെലവേറുന്നത്.
സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റില്‍ വര്‍ധനയില്ലാത്തത് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും ശരിക്കും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
കായികമേളയ്ക്ക് ആറു ലക്ഷം രൂപയാണ് ഗ്രാന്റായി അനുവദിച്ചത്. എന്നാല്‍ 12 ലക്ഷം രൂപ ചെലവായി. ശാസ്ത്രമേളയ്ക്ക് രണ്ടുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതിന്റെ ഇരട്ടി ചെലവാകും. കലാമേളയ്ക്ക് 17 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തിന് 30 ലക്ഷം രൂപയാണ് ചെലവായത്.
ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍, സ്പോണ്‍സര്‍മാര്‍, അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ധനസമാഹരണം എന്നിവയിലൂടെയാണ് മേളകള്‍ എല്ലാ വര്‍ഷവും നടത്തുന്നത്. കഴിഞ്ഞ തവണ നല്ല സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ മേളകള്‍ ഭംഗിയായി നടത്താന്‍ കഴിഞ്ഞു. ഇത്തവണയും സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.






