പാലാ: ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട പാലാ നഗരസഭയിലെ മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള പാടം നികത്തല്‍ കടുത്ത നിയമലംഘനമായി ചൂണ്ടിക്കാട്ടി പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസർ ഷാഹിന രാമകൃഷ്ണൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മണ്ണിറക്കാനെത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ആർ.ഡി.ഒ പ്രത്യേക കത്തും നല്കി.
സംഭവം ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് റവന്യൂ വകുപ്പിന്റെ അടിയന്തര ഇടപെടല്‍. രാത്രി സമയത്താണ് മണ്ണിറക്കല്‍ നടക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് ആർ.ഡി.ഒ കത്ത് നല്‍കിയത്.
നഗരസഭ മൂന്നാം വാർഡില്‍ മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപമുള്ള ഡാറ്റാബാങ്ക് ഭൂമിയിലാണ് അനുമതിയില്ലാതെ വ്യാപകമായി മണ്ണും കരിങ്കല്ലും ഇറക്കി നിലം നികത്തിയത്. നേരത്തെ ളാലം വില്ലേജ് അധികൃതർ രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിയമലംഘനം തുടർന്നു.
സ്ഥലത്തെ പരിശോധനയ്ക്ക് ശേഷമാണ് ആർ.ഡി.ഒ. ജില്ലാ കളക്ടർക്ക് വിശദ റിപ്പോർട്ട് നല്‍കിയത്.






