ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗക്കാർ ജാനകി (94) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59-ഓടെയായിരുന്നു അന്ത്യം.
നടികർ സംഘം പ്രസിഡന്റ് കൂടിയായ നടൻ നാസറാണ് മരണവിവരം അറിയിച്ചത്. വൈകുന്നേരം അഞ്ചുമുതൽ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ പൊതുദർശനത്തിന് വെക്കും.
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘സൗക്കാർ’ വഴിയാണ് ജാനകി സിനിമയിലെത്തിയത്. ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിന് പിന്നാലെയാണ് ‘സൗക്കാർ ജാനകി’ എന്ന പേര് ലഭിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
1952-ൽ ‘വളയപതി’യിലൂടെ തമിഴിലും 1954-ൽ ‘ദേവകന്നിക’യിലൂടെ കന്നഡയിലും 1964-ൽ ‘സ്കൂൾ മാസ്റ്റർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ ‘സൂര്യമാനസം’, ‘പപ്പു’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായി.
അഭിനയത്തിന് പുറമെ ആകാശവാണിയിൽ ആർജെയായും പ്രവർത്തിച്ചിരുന്ന ജാനകി പിന്നീട് ടെലിവിഷൻ രംഗത്തും സജീവമായി. 2023-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘അന്നി മഞ്ചി ശകുനമുലേ’യാണ് അവസാന ചിത്രങ്ങളിലൊന്ന്. സിനിമയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നീണ്ട ഏഴു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനാണ് സൗക്കാർ ജാനകിയുടെ വിയോഗത്തോടെ തിരശ്ശീല വീണത്.






