മലപ്പുറം: സംഘർഷാവസ്ഥയെ തുടർന്ന് സൗദിയിലേക്കുള്ള വിമാന സർവീസ് വെട്ടിക്കുറച്ചതോടെ പ്രവാസികള്‍ പ്രതിസന്ധിയില്‍.
കേരളത്തില്‍ നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് ലക്ഷം രൂപ കടന്നു. സംഘർഷാവസ്ഥയ്ക്ക് മുമ്പ് കേരളത്തില്‍ നിന്ന് ജിദ്ദയിലേക്ക് 15,000 രൂപയ്ക്കും ടിക്കറ്റ് ലഭിച്ചിരുന്നു.
കണക്ടിംഗ് സർവീസുകളിലെ നിരക്ക് കുതിച്ചുയർന്നത് പ്രതിസന്ധി രൂക്ഷമാക്കി.
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് സൗദിയ എയർലൈൻസിന്റെ നേരിട്ടുള്ള സർവീസില്‍ ഇക്കണോമി ടിക്കറ്റിന് 67,000 രൂപയോളമാണ് നിരക്ക്. അതും വളരെ പരിമിതം.
ഫ്ലക്സി സംവിധാനമായതിനാല്‍ നിരക്ക് ഒരു ലക്ഷം രൂപ കടക്കും.
നേരിട്ടുള്ള വിമാനത്തില്‍ ആറര മണിക്കൂർ മതി ജിദ്ദയിലെത്താൻ. കണക്ടിംഗ് വിമാനങ്ങളില്‍ 16 മുതല്‍ 20 മണിക്കൂർ വരെ നീളും. ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികളുള്ളത് സൗദിയിലാണ്.
ഇന്ത്യയില്‍ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകള്‍ മിക്ക വിമാനക്കമ്പനികളും റദ്ദാക്കിയതോടെ കണക്ടിംഗ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഖത്തർ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെത്തി സൗദിയിലേക്ക് വിമാനമാർഗമോ, കരമാർഗമോ യാത്ര ചെയ്യാം.
ഖത്തർ എയർവേയ്സില് കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് 56,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍ നിന്ന് ജിദ്ദയിലെത്താൻ വീണ്ടും 43,000 രൂപ നല്‍കണം. ഗള്‍ഫ് എയറില്‍ കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് 37,000 രൂപയും അവിടെ നിന്ന് ജിദ്ദയിലേക്ക് 24,000 രൂപയോളവുമാണ് നിരക്ക്.
കുവൈറ്റ് വഴിയുള്ള യാത്രയ്ക്കും 45,000 രൂപയ്ക്ക് മുകളില്‍ ചെലവാകും. ഈ റൂട്ടുകളിലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്.






