കോട്ടയം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശിനികളായ രണ്ടു നഴ്സുമാരുടെ സംസ്കാരം ഇന്നും നാളെയുമായി നടക്കും.
കോട്ടയം കിടങ്ങൂർ മറ്റത്തില്‍ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്സിമോള്‍ മാത്യു (46), കോട്ടയം വേദഗിരി കുറുമുള്ളൂർ ആനചെരിഞ്ഞകുന്നേല്‍ ജോണിയുടെ മകള്‍ ജോബിന ജോണി (26) എന്നിവർ കഴിഞ്ഞ രണ്ടിനാണ് മക്ക പ്രവിശ്യയിലെ തായിഫ് റാനിയായിലുണ്ടായ അപകടത്തില്‍ മരിച്ചത്.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകർ തമിഴ്നാട്ടില്‍ നിന്നുള്ള വിജയലക്ഷ്മി ജഗദീഷ് (36), തഞ്ചാവൂർ പട്ടുക്കോട്ടെ സ്വദേശിനി ഹെപ്സിബ ദേവമണി (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരിച്ചിരുന്നു.
വാരാന്ത്യത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി റാനിയയിലേക്കു പോകവെയാണ് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞത്.
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള തായിഫ് ഗവർണറേറ്റിലെ അല്‍ ഗഫ, അല്‍ അവെയ്ല സർക്കാർ ഡിസ്പെൻസറികളിലെ ജീവനക്കാരായിരുന്നു ഇവർ. ഔദ്യോഗിക നടപടികള്‍ പൂർത്തിയായി മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നെടുമ്പാശേരിയിലെത്തിക്കും.
ഇന്നു പുലർച്ചെ 4.20ന് കൊച്ചി നെടുമ്പാശേരിയിലെത്തിച്ച ജോബിനയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വേദഗിരി സെന്റ് മേരീസ് പള്ളിയില്‍ പൊതുദർശനത്തിനു വയ്ക്കും. നാലിന് സംസ്കാരം. ജോബിനയുടെ അമ്മ: ബീന. സഹോദരൻ: ജോഷ്വാ.
നാളെ പുലർച്ചെ 4.20ന് കൊച്ചി നെടുമ്പാശേരിയിലെത്തിക്കുന്ന ജെയ്സിയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് 3.30ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയില്‍ സംസ്കരിക്കും. മറ്റക്കര കൊണ്ടൂർ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകളാണ് ജെയ്സിമോള്‍. മക്കള്‍: ജസ്റ്റീന, ജൂഡിത്, ജോഷ്വാ (മൂവരും വിദ്യാർഥികള്‍).






