തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ ദർശനം നടത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ. ഒക്ടോബർ 18ന് മുഖ്യമന്ത്രി ശബരിമലയില്‍ എത്തും.
മണ്ഡല മകരവിളക്ക് ഒരുക്കങ്ങളും മുഖ്യമന്ത്രി വിലയിരുത്തും. നിലവില്‍ റിവ്യൂ മീറ്റിംഗ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമലയില്‍ ചേരേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം നേരത്തെ സന്ദർശനം നടത്തിയേക്കും.
അതിനിടെ മണ്ഡലകാല സമയത്ത് ബോർഡിനെ മാറ്റാൻ ഒരു ശ്രമവും സർക്കാർ നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ നടത്തിപ്പിന്റെ പ്രധാന ചുമതല ദേവസ്വം ബോർഡിനാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സർക്കാർ അടിയന്തരമായി ഇടപെടുമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ് നല്കി.
അതേസമയം, സർക്കാരും ദേവസ്വം ബോർഡും തമ്മില്‍ യാതൊരുവിധ വിയോജിപ്പുകളുമില്ലെന്നും ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനം പൂർണ്ണമായും വിജയിപ്പിക്കാൻ സർക്കാർ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കിയിരുന്നു.






