എരുമേലി: ശബരിമല തീർഥാടന ഒരുക്കങ്ങള്‍ ഇത്തവണ നേരത്തേ തുടങ്ങാൻ തീരുമാനം. എരുമേലിയില്‍ മേല്‍നോട്ടത്തിന് ജുഡീഷല്‍ മജിസ്ട്രേറ്റിനെ നിയമിക്കുന്നതടക്കം ഇത്തവണ നേരത്തെ നടപടികള്‍ സ്വീകരിക്കാനാണ് നീക്കം.
ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രാസസിന്ദൂരം എരുമേലിയില്‍ നിരോധിച്ചിട്ടുള്ളത് മുൻനിർത്തി നേരത്തെ തന്നെ പരിശോധനയും നിയമ നടപടികളും സ്വീകരിക്കാൻ നിർദേശമുണ്ട്.
മകരവിളക്ക് സീസണില്‍ തുറക്കുന്ന കാനനപാത ഇത്തവണ മണ്ഡല കാലം മുതല്‍ തുറക്കാൻ ആലോചന. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. മുരളീധരൻ തലസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇത്തവണ ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങണമെന്ന് തീരുമാനമായത്.
മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ അവസാന നിമിഷത്തിലേക്ക് നീട്ടാതെ, കുറഞ്ഞത് രണ്ട് മാസം മുമ്പ് ആരംഭിച്ച് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ മന്ത്രി നിർദേശം നല്‍കിയിരുന്നു.
സുരക്ഷയിലേക്ക് കണമല, കണ്ണിമല
അപകടസാധ്യതയേറിയ കണമല അട്ടിവളവ് മേഖലയിലുടനീളവും കണ്ണിമല ഇറക്കത്തിലും ക്രാഷ് ബാരിയറുകള്‍, സ്പീഡ് നിയന്ത്രണ സംവിധാനങ്ങള്‍, തെരുവുവിളക്കുകള്‍ എന്നിവ നേരത്തേ സ്ഥാപിക്കുകയും സീസണില്‍ സ്ഥിരം ക്രെയിന്‍ സേവനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന് ഉടനെ നടപടികള്‍ സ്വീകരിക്കുന്നതിന് യോഗത്തില്‍ നിർദേശമുണ്ട്. ഇത്തവണത്തെ ശബരിമല തീർഥാടന കാലം പൂർണമായും അപകട രഹിതമാക്കുന്നതിന് റോഡില്‍ അപകട സാധ്യതയുള്ള ഭാഗങ്ങളും അവിടെ സ്വീകരിക്കേണ്ട പരിഹാര നടപടികളും സംബന്ധിച്ച് റിപ്പോർട്ട് നല്കാൻ മന്ത്രി നിർദേശം നല്‍കിയിരുന്നു.
കാനനപാതകള്‍ തുറക്കും
എരുമേലി വഴി ഉള്‍പ്പെടെയുള്ള ശബരിമല പരമ്പരാഗത കാനനപാതകള്‍ മണ്ഡലകാലാരംഭം മുതല്‍ പൂര്‍ണമായും തുറന്നുകൊടുക്കുകയും വന്യമൃഗങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും യോഗത്തില്‍ നിർദേശം ഉയർന്നിരുന്നു. എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത സാധാരണയായി മകരവിളക്ക് സീസണിലാണ് തുറന്നുകൊടുക്കുന്നത്. മണ്ഡല കാലത്ത് തുറക്കില്ല. ഇതിന് ഇത്തവണ മാറ്റം വരുത്തുന്നത് സംബന്ധിച്ച് വനം വകുപ്പില്‍ നിന്നാണ് ഇനി നടപടികള്‍ സ്വീകരിക്കേണ്ടത്.
അതേസമയം മകരവിളക്ക് സീസണില്‍ മാത്രം കാനനപാത തുറക്കുന്നതിനോടാണ് വനം വകുപ്പ് അനുകൂലിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മണ്ഡല കാലം 41 ദിവസമാണ്. ഈ സമയത്ത് കാനനപാതയില്‍ ഭക്തരുടെ തിരക്കില്ല. വന്യ മൃഗങ്ങളുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകാൻ ഇതുമൂലം സാധ്യത ഏറെയാണെന്ന് വനം വകുപ്പ് പറയുന്നു. അതേസമയം 20 ദിവസം നീളുന്ന മകരവിളക്ക് സീസണില്‍ കാനനപാതയില്‍ തിരക്ക് ഏറെയാണെന്നുള്ളതിനാല് മൃഗങ്ങള്‍ കാട്ടിനുള്ളിലേക്ക് ഉള്‍വലിയുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വിര്‍ച്വല്‍ ക്യൂ പാസ് വിതരണം സുഗമമാക്കാന്‍ എരുമേലിയിലെ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും എരുമേലി ക്ഷേത്രത്തിലെ അപ്പം അരവണ വില്‍പ്പനയ്ക്ക് കോഡ് അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉയർന്നിരുന്നു. ശബരിമലയിലേക്കുള്ള വാഹന തിരക്ക് മൂലം മുൻകാലങ്ങളില്‍ കോട്ടയം ജില്ലയിലുടനീളം ഗതാഗത കുരുക്ക് ഉണ്ടായ അനുഭവം ഇത്തവണ ആവർത്തിക്കാതിരിക്കാൻ യാത്രാമധ്യേ എല്ലാ സൗകര്യങ്ങളും ഉള്ള താല്‍ക്കാലിക പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും യോഗത്തില്‍ നിർദേശം ഉയർന്നിരുന്നു






