കേളകം : തുടർമഴയില്‍ ചേറും ചെളിയും നിറഞ്ഞ് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാർക്ക് ദുരിതമായിരുന്നു അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട്. ഒടുവിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനും കേളകം പഞ്ചായത്ത് നാരങ്ങത്തട്ട് വാർഡ് മെമ്പറുമായ കെഎ അബ്ദുല്‍ സലാം കൈക്കോട്ടുമായി നേരിട്ട് രംഗത്തെത്തി. അദ്ദേഹം തന്നെ റോഡിലെ വെള്ളക്കെട്ട് നീക്കി ഗതാഗതം സുഖമമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ റോഡിലെ എട്ട് ഇടങ്ങളിലായി വലിയ വെള്ളക്കെട്ടും മണ്‍കൂനയും രൂപപ്പെട്ടിരുന്നു. ഇതുമൂലം വാഹന ഗതാഗതം ഏറെ ബുദ്ധിമുട്ടി. കാല്‍നട യാത്രക്കാർ, പ്രത്യേകിച്ച് സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് റോഡിലൂടെ പോകാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. നാട്ടുകാരില്‍ നിന്ന് പരാതികള്‍ ഉയർന്നെങ്കിലും ഉടൻ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അബ്ദുല്‍ സലാം കൈക്കോട്ടുമായി നേരിട്ട് രംഗത്തെത്തിയത്.
എട്ട് ഇടങ്ങളിലെയും ചെളിയും മണ്ണും നീക്കി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ഒരുക്കിയതോടെ റോഡിലെ ഗതാഗതം പൂർവസ്ഥിതിയിലായി. ജനപ്രതിനിധി തന്നെ കൈക്കോട്ടുമായി ഇറങ്ങിയത് നാട്ടുകാർക്ക് വലിയ ആശ്വാസമായി. ജനപ്രതിനിധിയുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങള്‍ മറ്റുള്ളവർക്കും പ്രചോദനമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.






