കോട്ടയം : ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്.
വളവും, കുത്തിറക്കവും, കയറ്റവും നിറഞ്ഞയിടങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി അയ്യപ്പഭക്തരാണ് മണ്ഡലകാലത്ത് കടന്നു പോകുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡുകള്‍, ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കും.
കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലേക്ക് അധിക ഡ്രൈവർമാരെ നിയോഗിക്കുന്നതിനുള്ള ടെസ്റ്റുകളും ആരംഭിച്ചു.
ശബരിമല സേഫ് കേരള ടീമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയോ അപകടങ്ങളുണ്ടാകുകയോ ചെയ്താല്‍ തീർത്ഥാടകർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ കണ്ട്രോള് റൂമുകള്‍ സജ്ജമാക്കും.
പത്തനംതിട്ടയുടെ കീഴില്‍ ഇലവുങ്കലിലും കാഞ്ഞിരപ്പള്ളിയുടെ കീഴില്‍ എരുമേലിയിലും ഇടുക്കിയുടെ കീഴില്‍ കുട്ടിക്കാനത്തുമാണ് കണ്ട്രോള് റൂമുകള്‍.






